Pages

Tuesday, July 12, 2011


എന്തിനെന്നെ വിളിച്ചു നീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ..
ഈ വസന്ത ഹൃദന്തവേദിയിൽ
ഞാനുറങ്ങിക്കിടക്കവേ..
 

ഈണമാകെയും ചോർന്നു പോയൊരെൻ
വേണുവും വീണുറങ്ങവേ..
രാഗവേദന വിങ്ങുമെൻ കൊച്ചു
പ്രാണതന്തു പിടയവേ...

 
ഏഴു മാമലയേഴു സാഗര
സീമകൾ കടന്നീ വഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ..
 

പാതി നിദ്രയിൽ പാതിരാക്കിളി
പാടിയ പാട്ടിലൂടവേ..
ആർദ്രമാകും രതിസ്വരം നൽകും
ആദ്യരോമാഞ്ചകഞ്ചുകം 
 

ആളിയാളിപ്പടർന്നു ജീവനിൽ
ആ നവപ്രഭാകന്ദളം..
ആ വിളികേട്ടുണർന്നുപോയി ഞാൻ
ആകെയെന്നെ മറന്നു ഞാൻ ..