Pages

Saturday, August 14, 2010

ദു:ഖ ജല്പനങ്ങള്‍


untitled.bmp



എവിടെയോ കൊത്തിവലിയ്ക്കുന്നിതെന്‍ മന-


മൊരുപാടു സഞ്ചരിച്ചിന്നീ നിമിഷത്തില്‍


അറിയുവാനൊട്ടു ത്വരയുണ്ടു, ചൊല്ലുവാ-


നൊരുപാടു കൊച്ചു നിമിഷമെന്നോര്‍മ്മയില്‍


ഒരു കൊച്ചു കാറ്റുവന്നോതുമീ വാര്‍ത്തയി-


ന്നൊരുതരിപോലുമെനിയ്ക്കില്ല വിശ്വാസ-


മറിയുവോര്‍ക്കൊന്നുമുണ്ടാകില്ല, നിന്റെയാ-


ചിരിവിടരും മുഖം ദര്‍പ്പണം മന്മനം


കരയുവാനൊട്ടു ശ്രമിച്ചു, വൃഥാവിലായ്


കടലെന്‍ മനസ്സിലാണല്ലൊ, സഹോദരാ


ഇതുവരെക്കേട്ടതെല്ലാം നുണയാണെന്നു


കരുതുവാനാകില്‍, നിന്‍ പ്രിയതമ തന്‍ മുഖ-


മൊരുനോക്കു കാണാനശക്ത ഞാന്‍, സാന്ത്വന-


മരുളാനതാക, വിതുമ്പുന്നു ഞാന്‍ നിന്റെ


ഹൃദയത്തുടിപ്പാകുമോമനക്കുഞ്ഞുങ്ങ-


ളെവിടെത്തിരയുമാ സ്നേഹവും രക്ഷയും,


കഴിയട്ടെയെല്ലാം മറക്കാന്‍, ദിനരാത്ര-


മൊഴുകുമ്പൊളെന്നാലവിടെയിരുട്ടിലാ


തലയും കുനിച്ചിരു കണ്ണുമടച്ചിട്ടു


ഭഗവല്‍ത്തിരുനാമമോതിടും നിന്നുടെ


പ്രിയജനനിയിതു താങ്ങുവതെങ്ങനെ?


ഇനിയും പരീക്ഷകളെന്തിനായിത്തരം?




--