Pages

Saturday, August 14, 2010

താഴ്‌വരയിലെ പച്ചയ്ക്കിടയില്‍ ഇലയുണങ്ങിനില്‍ക്കും മരമേ






താഴ്‌വരയിലെ പച്ചയ്ക്കിടയില്‍

ഇലയുണങ്ങിനില്‍ക്കും മരമേ,

പൂത്തതാണെന്നു കരുതി

ദൂരെനിന്നൊരാള്‍

നിന്നെ മനസ്സില്‍ പകര്‍ത്തി

കൊണ്ടുപോയിട്ടുണ്ട്‌


മരിക്കുംവരെ

അയാളിലുണ്ടാകും

പൂത്തപടിതന്നെ നീ


അയാളില്‍നിന്നു കേട്ട്‌

മറ്റുള്ളവരും

കൂടുതല്‍ പൂക്കളോടെ

നിന്നെ സങ്കല്‍പ്പിക്കും


പൂക്കാലമായി നിന്നെ വരയ്ക്കുമൊരാള്‍

കവിയും എഴുതിയേക്കാം


താഴ്‌വരയിലെ പച്ചയ്ക്കിടയില്‍

ഇലയുണങ്ങിനില്‍ക്കും മരമേ,

ഒരുനാളും ഉണങ്ങുകയില്ലല്ലോ

ഇനി നീ.