Pages

Wednesday, August 25, 2010

പാളങ്ങള്‍...


നല്ലകാലങ്ങളും വര്‍ത്തമാനവുമെന്ന 
പോല്‍ പാളങ്ങള്‍ സമാന്തരം
വിടവിന്റെ കലികാലത്തില്‍
പാളങ്ങള്‍ ചേരുന്ന സ്വര്‍ഗ്ഗംതേടി 
ഏകനായി അലഞ്ഞിരുന്നു....

പ്രായാധിക്യത്തിന്റെ ദുസൂചനകള്‍
അറിയാതെ ഈ പ്രയാണം
തീവണ്ടി ചക്രത്തില്‍ പൊലിയാനോ..
ഹരിതാഭമായ കാലം
ദൂരെ ഏതോ സ്റെഷനില്‍
വിധിയുടെ സിഗ്നല്‍ കാത്തുകിടന്നു ....

ചൂളംവിളിയുടെ ശുഭതാളത്തിനു 
കാതോര്‍ക്കുമ്പോള്‍ നൂറു ജന്മത്തിന്റെ 
മാറാപ്പുമായൊരു ചരക്കുവണ്ടി 
വൃണങ്ങളോടെ ഏന്തിവലിഞ്ഞു 
കടന്നുപോയത് ദൈവത്തിന്റെ 
പച്ചക്കൊടിയുടെ അഹങ്കാരത്തില്‍ .... 

ചുമച്ചു തുപ്പിയ പുകയുടെ 
ഓര്‍മ്മപ്പെടുത്തലില്‍ 
പാളങ്ങളില്‍ പറ്റിയ വിസര്‍ജ്ജ്യത്തില്‍ 
മുഖമമര്‍ത്തിയപ്പോള്‍ 
അറ്റഹാസങ്ങളോടെ
ഊര്‍ജ്ജസ്വലമായ ചൂളംവിളി 
നല്ലകാലമെന്നോര്‍മിപ്പിച്ചു മുകളിലൂടെ 
കടന്നുപോയി.....  

വശങ്ങളില്‍ ഇലപൊഴിച്ചു നിന്ന  
നരച്ചമരങ്ങള്‍ നിണത്തിന്റെ
ഊര്‍ജ്ജം ആവാഹിച്ചു നിറത്തിന്റെ
പുതുമോടി തീര്‍ക്കുമ്പോള്‍
ഒരുവള്‍ ആരെയോകാത്തു
ചുവട്ടില്‍ പച്ചവെളിച്ചതിന്റെ
പുത്തന്‍ പ്രതീക്ഷകളുടെ
ചൂളം വിളിയ്ക്കു കാതോര്‍ത്തപ്പോള്‍
അരികിലെ ദലമര്‍മ്മരങ്ങള്‍
ശ്രദ്ധിച്ചു കാണില്ല .....